ബാല്യം
തിരികെ തരുവാൻ കാലത്തിനും കഴിയാത്ത എൻ്റെ ബാല്യം...
ഓർമ്മകളിൽ സന്തോഷത്തിൻ്റെ വസന്തകാലം...
തലക്കു മുകളിൽ വളർന്നു നിൽക്കുന്ന ഇഞ്ചപുൽചെടികൾ തിങ്ങിനിറഞ്ഞ പാടവരമ്പിലൂടെ ഉമ്മയുടെ കൈ പിടിച്ച് ആദ്യ ദിനം സ്കൂളിലേക്ക് പോകുമ്പോൾ നല്ല വെയിലുണ്ടായിരുന്നു...
കൊയ്ത്ത് കഴിഞ്ഞ കണ്ടത്തിൻ്റെ നെടുകെ, വെയിൽ കാഞ്ഞ് കിടക്കുന്ന ചെറുചൂടുള്ള വെള്ളത്തിലൂടെ ചന്നം പിന്നം ചവിട്ടിത്തെറിപ്പിച്ച് നടന്നതും...
മാമ്പഴം തൂങ്ങുന്ന വേനൽ കാലങ്ങളിൽ സ്കൂൾ വിടുമ്പോൾ ആദ്യം മാങ്ങ പെറുക്കാൻ ഓടിയിരുന്നതും...
ഏത് ബെഞ്ചിൽ ഇരുന്നാലും അവസാന പിരീഡിലെ അവസാന സമയത്ത് ചെരിപ്പ് ഊരി ബാഗിൽ വെച്ച് ആദ്യ ബെഞ്ചിൽ ഇടം നേടാൻ ഇടികൂടി ബെല്ലടിക്കുമ്പോൾ ഇറങ്ങി ഓടിയിരുന്നതും ഒരു ബാല്യകാലത്ത്...
സ്കൂൾ വിട്ട് പാടവരമ്പത്ത് മുന്നിലെത്താൻ കഴിയാതെ പാടത്തെ ചെളിയിൽ ഇറങ്ങി ഓടി വീട്ടിലെത്തുമ്പോൾ "നീ ഉഴുവാൻ പോയതാണോടാ" എന്ന സ്ഥിരം പല്ലവികൾ കേട്ടിരുന്ന ബാല്യം....
വർഷങ്ങളിൽ ഇടിവെട്ടി മഴ പെയ്യുമ്പോൾ ചോരുന്ന കുടയിൽ തിങ്ങിനിറഞ്ഞ് മുഴുവൻ നനഞ്ഞതും, കരകവിഞ്ഞൊഴുകുന്ന തോട്ടിൽ കുട്ട പാമ്പുകളെ പേടിച്ച് കുറുകെ കടക്കാൻ ഭയന്നിരുന്നതും ഒരു ബാല്യത്തിൽ...
ചേമ്പിൻ ഇലകളിൽ തങ്ങി നിൽക്കുന്ന വെള്ളത്തിൽ ചേമ്പിൻ തണ്ട് മുക്കി പിടിച്ച് ചുവന്ന കളർ ആകുമ്പോൾ കുട്ടുകാരെ കാണിച്ച് വിസ്മയിപ്പിച്ചതും ഒരു നിഷ്കളങ്ക ബാല്യത്തിൽ...
സ്ലേറ്റ് പെൻസിൽ കടിച്ചു തിന്നിരുന്ന, അണ്ണാൻ പച്ചയും, മഷിത്തണ്ടും കൊണ്ട് സ്ലേറ്റ് മായ്ച്ചിരുന്നതും ഇടക്ക് ആരും കാണാതെ തുപ്പൽ കൊണ്ട് മായ്ച്ചതും ഇതേ ബാല്യത്തിൽ....
തണുത്ത ഡിസംബർ മാസത്തെ പുലരികളിൽ പുല്ലിൽ തങ്ങി നിൽക്കുന്ന മഞ്ഞുകണങ്ങൾ കണ്ണിലെഴുതി നിർവൃതിയടഞ്ഞതും ഈ ബാല്യത്തിൽ...
ഇന്ന് ഓർക്കുമ്പോൾ ഓർമ്മകളുടെ കൂട്ടത്തിൽ മായാത്ത മധുരമൂറുന്ന അനുഭൂതിയാമെൻ്റെ ബാല്യം...
ഇനിയൊരു ബാല്യത്തിന്ന് അവകാശപ്പെടാനും അനുഭവിക്കാനും കഴിയില്ല നിസ്സംശയം....

























